the tree healer: പൊട്ടൻ തെയ്യവും സൗഹൃദവിരുന്നും

 

ഞങ്ങളുടെ സബ് ജില്ലയിലെ ഹിന്ദി അധ്യാപിക ആയിരുന്നു മിനിമോൾ എ .ജെ .ഇനിയും ഏതാനും ദിവസങ്ങൾ കൂടി മാത്രം സർവീസിൽ തുടരും.അതിനുശേഷം വിരമിക്കൽ.സബ് ജില്ലയെ സംബന്ധിച്ച് ഹിന്ദി അധ്യാപകർ തീരെ കുറവാണ്.നീണ്ടുനിൽക്കുന്ന കോഴ്സുകളിലും.കലോത്സവ വേദികളിലും മാത്രമാണ് ഞങ്ങൾ ഹിന്ദി അധ്യാപകർ ഒത്തുചേരാറുള്ളത്.എന്നാൽ ഇപ്പോൾ സബ് ജില്ലയിലെ മുഴുവൻ ഹിന്ദി അധ്യാപകരും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ ആയി മാറിയിരിക്കുന്നു.      27 വർഷത്തെ സേവനം പൂർത്തീകരിച്ചാണ് മിനി ടീച്ചർ തൻ്റെഔദ്യോഗിക ജീവിതത്തിൻ്റെ പടിയിറങ്ങുന്നത്.എൻ്റെ സ്കൂളിന് അടുത്തുള്ള ഡി .ബി .എച്ച് .എസ്. പത്താനാട്ടുനിന്നാണ് വിരമിക്കുന്നത്.ടീച്ചർ എല്ലാ ഹിന്ദി അധ്യാപകരെയും  മാതൃ സ്കൂളിലേക്ക് ക്ഷണിച്ച് വിരുന്ന് ഒരുക്കിയിരുന്നു.ടീച്ചർ എന്നെയും നേരത്തെ തന്നെ ക്ഷണിച്ചിരുന്നു.ഞാൻ എത്താമെന്ന് ഉറപ്പ് നൽകിയിരുന്നു.      എന്നാൽ അധ്യാപക സംഘടനയുടെ സംസ്ഥാന സമ്മേളനംആ ദിനങ്ങളിൽ കാസർഗോഡ് നടക്കുകയായിരുന്നു.



ഏഴു ഭാഷകളുടെ സംഗമഭൂമിയാണ് കാസർഗോഡ്.തെയ്യങ്ങളുടെ സ്വന്തം നാടാണ്.സംസ്ഥാന സമ്മേളന പ്രതിനിധി എന്നനിലയിൽ ഞാനും ജോഷി സാറും സതീശൻ സാറും സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കാസർകോട്ടേയ്ക്ക് യാത്രയായി.ഞങ്ങൾ മൂന്നുപേരും ഒരു മുറിയിൽ ആയിരുന്നു താമസിച്ചിരുന്നത്.

കുന്നേരം സതീശൻ സാറിൻ്റെ സുഹൃത്തും അദ്ധ്യാപകനുമായ രാജേഷ് സാർ വിളിക്കുന്നു.കുടുംബത്ത് നടക്കുന്നതെയ്യച്ചടങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ക്ഷണം.ഞങ്ങൾ എത്താമെന്ന് ഉറപ്പുനൽകി.കാസറകോട് എത്തി തെയ്യം കണ്ടില്ലെങ്കിൽ പിന്നെ എവിടെ നിന്നാണ് അത് കാണാൻ സാധിക്കുക?നീലേശ്വരത്തു നിന്നും ദൂരെയായി വിരിക്കുളം എന്നഗ്രാമത്തിലാണ് ഞങ്ങൾ  ഓട്ടോറിക്ഷയിൽ ചെന്നെത്തിയത്.സന്ധ്യാസമയം കഴിഞ്ഞിരുന്നു.മുറ്റത്ത് കനൽ കൂമ്പാരം ഉണ്ട്.ദൈവത്താന്മാരുടെ നട തുറന്നിട്ടുണ്ട്. പൊട്ടൻ തെയ്യത്തിന്റെ വരവായി.മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ചടങ്ങാണ്.



പൊട്ടൻ തെയ്യം പലപ്പോഴായി മുഖകാപ്പ് മാറുന്നുണ്ട്.അതനുസരിച്ച് മേളത്തിന്റെ ചിട്ടയും മാറുന്നു.പൊട്ടൻ തെയ്യം ഉറഞ്ഞാടുന്നു.അനുഗ്രഹിക്കുന്നു.കനൽക്കൂമ്പാരം ഇളക്കിമറിക്കുന്നു.അനുഗ്രഹിക്കുന്നു.ആകാശത്ത് നക്ഷത്രങ്ങളുടെ ശോഭ കെടുത്തിചന്ദ്രൻ്റെ നിലാവ്പരന്നിരിക്കുന്നു.



തണുപ്പ് പെയ്തിറങ്ങുന്നു.വെളുക്കാറായപ്പോൾ ഞങ്ങൾ മൂവരും ഓട്ടോറിക്ഷയിൽ തിരികെ റൂമിലെത്തി.നാട്ടിലെ സൗഹൃദ വിരുന്നിന്റെ കാര്യം ഓർമ്മയിലുണ്ട് പക്ഷേ പങ്കെടുക്കാൻ സാധിക്കില്ല.കാസറകോട്ടു നിന്ന് തിരിച്ച് നാട്ടിലെത്തിയപ്പോൾ ടീച്ചറെ വിളിച്ചു.പഴയ സ്നേഹം ആവിളിയിൽ നിഴലിച്ചു കാണാൻ സാധിച്ചില്ല.ടീച്ചറോട് നടന്ന കാര്യങ്ങൾ പറഞ്ഞു.ഒടുവിൽ സ്കൂളിലെ വാർഷികാഘോഷ പരിപാടികൾ ചിട്ടപ്പെടുത്തുന്നതിനിടയിൽ സമയം കണ്ടെത്തി ഞങ്ങളുടെ സ്കൂളിന് അടുത്തുള്ള ടീച്ചറിന്റെ സ്കൂളിൽ ഞാൻ എത്തി. ഗിഫ്റ്റ് എട്രീ ടീച്ചറിന് സമ്മാനിച്ചു.സന്തോഷപൂർവ്വം ടീച്ചർ അത് സ്വീകരിച്ചു. ഞാൻ സ്കൂളിൻ്റെ പടിയിറങ്ങി.